Tuesday, 9 November 2021

പളളിക്കേസ്‌: നിയമ സമുഹത്തിന്‌ പറ്റിയ വലിയനാണക്കേടോ?-- മാത്യൂസ് ജെ. നെടുംപാറ

പളളിക്കേസ്‌: നിയമ സമുഹത്തിന്‌ പറ്റിയ വലിയ
നാണക്കേടോ?

-- മാത്യൂസ് ജെ. നെടുംപാറ

(1) എന്താണ്‌ പളളിക്കേസ്‌: സാധാരണക്കാരന് കൃത്യമായി നിശ്ചയമില്ല. മഹാഭൂരിപക്ഷം ജനങ്ങളും ഇന്നും ധരിച്ചിരിക്കുന്നത്‌ യാക്കോബായക്കാർ തങ്ങള്‍ക്കെതിരായ സുപ്രീം കോടതി വിധി നടപ്പാക്കുന്നത്‌ എതിര്‍ക്കുന്നു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു. എന്നാല്‍  യാഥാര്‍ത്ഥ്യം എന്താണ്‌?

(2) ഇവിടെ ഒരു സുപ്രീം കോടതി വിധിയുമില്ല. ഇല്ലാത്ത സുപ്രീം കോടതി വിധി ബലം പ്രയോഗിച്ച്‌ നടപ്പാക്കാനാണ്‌ കേരള ഹൈക്കോടതി CRPF  വരെ വിളിയ്ക്കാന്‍ ഉത്തരവിട്ടത്‌. സത്യമതാണ്‌.  നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. Res judicata എന്ന Fundamental നിയമ principle Delhi യിലെ വക്കീലന്മാര്‍ക്ക്‌ നല്ല നിശ്ചയമില്ലാതെ പോയതാണ്‌ ഈ ദുരിതങ്ങളുടെയെല്ലാം അടിസ്ഥാന കാരണം.

(3) എന്താണ്‌ Res judicata ഉദാഹരണത്തിന്‌ A യും B യും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി ഒരു ഭാഗത്തെ മാത്രം കേട്ടശേഷം 1 + 1 = 2 എന്നാണ്‌ എന്ന്‌ വിധിച്ചു എന്നു കരുതുക. ആ വിധി തെറ്റാണ്‌.  Res judicata അല്ല. അങ്ങനെ ഒരു വിധിയെ ഇല്ല. അത്‌ void ആണ്‌.  ഇനി കോടതി രണ്ടു ഭാഗത്തേയും കേട്ട ശേഷം 1 + 1 = 0 എന്ന്‌ വിധിച്ചുവെന്ന്‌ കരുതുക. അത്‌ ശരിയാണ്‌.  Res judicata ആണ്‌. Binding ആണ്‌. എന്തുകൊണ്ട്‌? കോടതി വിധി തെറ്റാണെങ്കിലും ശരിയാണ്‌.  Binding ആണ്‌. നിരപരാധിയെ സുപ്രീം കോടതി കുറ്റക്കാരനായി കണ്ട്‌ തൂക്കിലേറ്റാൻ വിധിച്ചാൽ അയാൾ തൂങ്ങും. നിയമചരിത്രത്തിൽ എത്രയോ നിരപരാധികള്‍ തുക്കിലേറ്റപ്പെട്ടിരിയ്ക്കുന്നു. അപരാധി തൂക്കിലേറ്റപ്പെട്ട ശേഷം “കൊല്ലപ്പെട്ടയാള്‍' പ്രത്യക്ഷപ്പെട്ട കേസുകൾ വരെ ഉണ്ടായിട്ടുണ്ട്‌.

(4) Res judicata : നിയമവ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ്‌ അത്‌ അല്ലെങ്കിൽ കേസുകള്‍ക്ക്‌ അവസാനമുണ്ടാവില്ല. കോടതി ഒരിയ്ക്കൽ തീരുമാനിച്ച വിഷയത്തെപ്പറ്റി കേസിലെ അതേ കക്ഷികള്‍ വീണ്ടും വ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥ വരും. അത്‌ രാജ്യതാല്പര്യത്തിന്  നല്ലതല്ല.

(5) 1958-ലെ സുപ്രീം കോടതിയുടെ സമുദായക്കേസിലെ വിധി: 
ഇപ്പോഴത്തെ പള്ളി തര്‍ക്കങ്ങളുടെ ആധാരം 1958-ലെ സുപ്രീം കോടതിയുടെ constitutional bench - ന്റെ വിധിയാണ്‌. അതിനു ശേഷമുണ്ടായ 1995-ലെയും 2017-ലെയും 2019-ലെയും വിധികള്‍ 1958-ലെ തെറ്റായ വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം ഉണ്ടായതാണ്‌.

(6) 1958-ലെ സമുദായ കേസില്‍ സുപ്രീം കോടതിയിൽ അതിപ്രഗത്ഭന്മാരെന്ന്‌ പേരുകേട്ട പാത്രിയാര്‍ക്കീസ്‌ വിഭാഗം വക്കീലന്മാർ 1928-ലെ വട്ടിപ്പണക്കേസിലെ വിധി സമുദായ കേസിന് res judicata ആയി Binding  ആണ്‌ എന്ന്‌ concede ചെയ്തു. ഈ വലിയ തെറ്റ്‌ അഥവാ അമളിയാണ്‌ ഇപ്പോഴത്തെ പള്ളിക്കേസുകളുടെ മൂലകാരണം. ഇത്‌ ആര്‍ക്കും അറിയില്ലായിരുന്നു.

(7) വട്ടിപ്പണം കേസ്‌. മലങ്കര സഭയുടെ പൊതുവായ സ്വത്തുക്കളെപ്പറ്റി അഥവാ വട്ടിപ്പണം മലങ്കര സഭയിലെ രണ്ടു വിഭാഗങ്ങളില്‍ ആര്‍ക്ക്‌ കൊടുക്കണം എന്നതിനെക്കുറിച്ചായിരുന്നു. ആ കേസില്‍ ഒരു പളളിയും കക്ഷിയായിരുന്നില്ല. കക്ഷിയാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ ഹൈക്കോടതി പാത്രിയാര്‍ക്കീസിന്റെ Spiritual powers vanishing point-ല്‍ എത്തി എന്ന്‌ കണ്ടെത്തി. വട്ടിപണം Orthodox വിഭാഗത്തിന്‌ കൊടുക്കുവാൻ ഉത്തരവിട്ടു. ആ വിധി കോടതിയ്ക്ക്‌ തീരുമാനിയ്ക്കാന്‍ അധികാരമില്ലാത്ത വിശ്വാസ സത്യങ്ങളിൽ തീര്‍പ്പു കല്പിച്ചു കൊണ്ടായിരുന്നു.

(8) വട്ടിപ്പണം കേസിലെ വിധി മലങ്കര സഭയുടെ ആയിരത്തില്‍പ്പരം പള്ളികള്‍ക്ക്‌ ബാധകമായിരുന്നില്ല. കാരണം പള്ളികള്‍ ആ കേസിൽ കക്ഷികള്‍ ആയിരുന്നില്ല. വട്ടിപ്പണം കേസില്‍ വട്ടിപ്പണം ആര്‍ക്ക്‌ കൊടുക്കണം എന്നതായിരുന്നു തര്‍ക്കവിഷയം. ആ കേസ്‌ മലങ്കര സഭയുടെ പൊതുവായ സ്വത്തുക്കളെപ്പറ്റി ആയിരുന്നു. പള്ളികളുടെ  സ്വത്തുക്കളെപ്പറ്റി ആയിരുന്നില്ല.

(9) 1958-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്‌ വട്ടിപ്പണം കേസിലെ വിധി സമുദായക്കേസിന് Res judicata ആണ്‌ എന്നു വിധിച്ചു.  മലങ്കര സഭയുടെ പള്ളികള്‍ ഓര്‍ത്തഡോക്സ്‌ വിഭാഗം 1934-ല്‍ കൊണ്ടുവന്ന മലങ്കര സഭ ഭരണഘടന അനുസരിച്ച്‌ നടത്തപ്പെടണമെന്ന്‌ വിധിയ്ക്കുകയും ചെയ്തു. 1934 കോൺസ്റ്റിട്യൂഷൻ അനുസരിച്ച്‌ പള്ളികളുടെ സർവ്വാധിപൻ മലങ്കര Metropolitan cum Catholicos ആണ്‌. ഈ വിധിയോടെ യാക്കോബായക്കാര്‍ക്ക്‌ തങ്ങളുടെ പള്ളികൾ നഷ്ടപ്പെടുന്നു എന്ന തെറ്റായ നിലവന്നു. ആ വിധി വെറും തെറ്റായ വിധി മാത്രമല്ല, മറിച്ച്‌ നിയമത്തിന്റെ മുൻപിൽ നിലനില്പില്ലാത്ത null and void ആയിട്ടുള്ള വിധിയാണ്‌. അങ്ങനെ ഒരു വിധിയെ ഇല്ല നിയമദൃഷ്ടിയില്‍.

(10) 1958-ലെ സുപ്രീം കോടതി വിധി മലങ്കര സഭയിലെ ആയിരത്തില്‍പ്പരം വരുന്ന പള്ളികളെയും, (ടസ്റ്റിമാരെയും ഇടവകക്കാരെയും bind ചെയ്യുന്ന ഒരു res judicata അല്ല. കാരണം പലതുണ്ട്‌. അതില്‍ രണ്ടു മാത്രം ഇവിടെ പറയാം.

a) 1958-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ഒറ്റ പള്ളി പോലും കക്ഷിയല്ല. അതുകൊണ്ട്‌ ആ വിധി ഒരു പള്ളിക്കും ബാധകമല്ല. കാരണം പള്ളികള്‍ കക്ഷികളല്ലാത്ത കേസിലെ വിധി പള്ളികള്‍ക്ക്‌ res judicata ആയി binding അല്ല. ഒരു കോടതിയുടെ തെറ്റായ വിധി res judicata ആകണമെങ്കില്‍ കേസിൽ കക്ഷിയായിരിയ്ക്കണം. നമ്മള്‍ കക്ഷിയല്ലാത്ത കേസിലെ വിധി നമ്മള്‍ക്ക്‌ ബാധകമല്ല. ഇത്‌ ആര്‍ക്കും നിഷേധിയ്ക്കാനാവാത്ത അടിസ്ഥാന തത്വമാണ്‌.

b) മലങ്കര സഭയിലെ ആയിരത്തില്‍പ്പരം വരുന്ന പള്ളികൾ ആ ഓരോ പളളിയുടേയും trust deed അനുസരിച്ച്‌ അഥവാ അതിന്റെ traditions അനുസരിച്ച്‌ ഇടവകക്കാരുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം നടത്തപ്പെടണമോ അല്ല, മറിച്ച്‌ പാത്രിയാര്‍ക്കീസ്‌ വിഭാഗം അംഗീകരിയ്ക്കാത്ത 1934-ലെ ഓര്‍ത്തഡോക്സാകാരുടെ ഭരണഘടന അനുസരിച്ച്‌ നടത്തപ്പെടണമോ എന്ന വിഷയം ഒരു തര്‍ക്കവിഷയമായി ആ കേസില്‍ പരിഗണനയ്ക്ക്‌ വന്നില്ല. അങ്ങനെ ഒരു വിധിയും ഉണ്ടായിട്ടില്ല. പള്ളികൾ കക്ഷിയല്ലാതിരുന്നതുകൊണ്ട്‌ യഥാര്‍ത്ഥ തര്‍ക്കവിഷയവും ഉന്നയിക്കപ്പെട്ടിട്ടില്ല. അതിന്മേല്‍ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അതുകൊണ്ട്‌ Cause of action estoppel ഇല്ല.  Res judicata യും ഇല്ല.

(11) 1958-ലെ വിധി ആയിരത്തില്‍പ്പരം വരുന്ന പള്ളികളെയും ഇടവകക്കാരെയും സംബന്ധിച്ചിടത്തോളം Res judicata അല്ല. മറിച്ച്‌ re inter alios ആണ്‌.  Void ab initio ആണ്‌. നിയമദൃഷ്ടിയില്‍ അങ്ങനെയൊരു വിധിയെ ഇല്ല. പക്ഷേ ഈ വസ്തുത, ഈ വലിയ പിഴവ് സുപ്രീം കോടതിയിലെ വലിയ വക്കീലന്മാര്‍ മനസ്സിലാക്കാതെ പോയി.  തുടര്‍ന്ന്‌ 1995-ല്‍ വിധിയുണ്ടായി, സമുദായക്കേസിലെ വിധിയുടെ ചുവടുവെച്ച്‌ മലിമത്ത്‌ കമ്മീഷൻ വന്നു. ഇലക്ഷന്‍ നടത്താന്‍.  പ്രശ്നങ്ങള്‍ക്ക്‌ പക്ഷേ പരിഹാരമുണ്ടായില്ല. വ്യവഹാരങ്ങൾ തുടര്‍ന്നു. 2017 K.S.Varghese ലെ വിധി വന്നു. 1958 ലെ തെറ്റ്‌ തിരുത്തപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ആ തെറ്റുകൾ Justice Misra ആണിയിട്ട്‌ ഉറപ്പിച്ചു.

(12) K.S.Varghese കേസ്‌ കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ എന്നീ പള്ളികളെപ്പറ്റി ആയിരുന്നു. അത്‌ representative suit കൾ ആയിരുന്നതുകൊണ്ട്‌ അതിലെ വിധി ഈ മൂന്നു പള്ളികളെയും, അതിന്റെ ട്രസ്റ്റിമാരെയും കേസില്‍ നേരിട്ട്‌ കക്ഷികളല്ലാത്ത ഇടവകക്കാരെയും bind ചെയ്യുന്ന res judicata ആണ്‌. പക്ഷേ Justice Arun Misra constructive res judicata എന്ന തത്വത്തിന്റെ അന്തസത്ത മനസ്സിലാക്കാതെ ആ കേസിലെ വിധി ആ കേസില്‍ കക്ഷികളല്ലാത്ത മറ്റു പള്ളികള്‍ക്ക്‌ ബാധകമാണ് എന്ന്‌ വിധിച്ചു. കേസില്‍ കക്ഷികളല്ലാത്ത പള്ളികളെ സംബന്ധിച്ചിടത്തോളം അരുണ്‍ മിശ്രയുടെ ആ വിധി res judicata അല്ല. Binding അല്ല Nullity ആണ്‌.

(13) Constructive Res judicata എന്നാൽ എന്താണ്‌? കേസിലെ കക്ഷികള്‍ അല്ലാത്തവര്‍ക്ക്‌ വിധി binding ആണ്‌ എന്ന്‌ അല്ല. പക്ഷേ നമ്മുടെ നിയമസമൂഹം ഈ തെറ്റ്‌ മനസ്സിലാക്കിയില്ല. കേരള ഹൈക്കോടതി CRPF നെ വരെ വിളിച്ച്‌ “സുപ്രീം കോടതി വിധി” നടപ്പാക്കാന്‍ ഉത്തരവിട്ടു! കേരള സർക്കാർ ആകട്ടെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പ്രതിജഞാബദ്ധരാണ്‌ എന്ന്‌ ആണയിട്ടു. പക്ഷേ ഹൈക്കോടതി നടപ്പാക്കാന്‍ ബാദ്ധ്യതപ്പെട്ട ഏതെങ്കിലും ഒരു സുപ്രീം കോടതി വിധിയുണ്ടോ? ഇല്ല എന്നതാണ്‌ ആര്‍ക്കും തർക്കിക്കാൻ കഴിയാത്ത യാഥാര്‍ത്ഥ്യം. നഗ്നസത്യം. ഈ സത്യം മറച്ചുവയ്ക്കാൻ വേണ്ടി എന്നെ ആക്രമിയ്ക്കുന്നു. നിശ്ശബ്ദനാക്കാൻ വെമ്പല്‍ കൊള്ളുന്നു.

(14) സുപ്രീം കോടതിയ്ക്ക്‌ Judgment in rem എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുന്നതിൽ വന്ന വീഴ്ചയാണ്‌ കെ.എസ്‌. വര്‍ഗ്ഗീസിന്റെയും PMA മെട്രോപോളിറ്റൻ കേസുകളുടെയും ആധാരം. Representative suit-ലെ വിധി Judgment in rem ആകണമെന്ന്‌ നിര്‍ബന്ധമില്ല. In rem എന്നാല്‍ as against the whole world എന്നാണ്‌ അര്‍ത്ഥം. സഭാക്കേസില്‍ “Judgment in rem” എന്ന concept – ന് തന്നെ പ്രസക്തിയില്ല. ഇനി ഉണ്ട്‌ എന്നു കരുതുക. ഒരു വിധി കേസിലെ കക്ഷികളുടെ status  അല്ലെങ്കിൽ ടൈറ്റിൽ ചേഞ്ച്‌ ചെയ്യുന്നുവെങ്കിൽ  Judgment in rem ആണ്‌. ഉദാഹരണത്തിന് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേസിൽ divorce grant ചെയ്താൽ Judgment in rem ആണ്‌. As against the whole world. കാരണം അവരുടെ Status change വന്നു. Third parties - ന് അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാം അതേ സമയം Divorce reject ചെയ്താലോ, അത്‌ Judgment in personam ആണ്‌. Status -ല്‍ ഒരു വ്യത്യാസവും വന്നില്ല.

(15) 2019 Justice Arun Misra, Fr.Issac Mattummel എന്ന കേസില്‍ 2017 -ലെ തെറ്റ്‌ വീണ്ടും ആവര്‍ത്തിച്ചു. ഓർത്തോഡോക്സുകാർ പള്ളിപിടുത്തം തുടര്‍ന്നു. സുപ്രീം കോടതിയുടെ ജഡ്ജ്മെന്റിന്റെ പേരിൽ.  പക്ഷേ അങ്ങനെ ഒരു ജഡ്ജ്മെന്റ്‌ ഇല്ല എന്നു ചൂണ്ടിക്കാണിക്കാൻ ഞാനല്ലാതെ വേറാരും രംഗത്തു വന്നില്ല. ജസ്റ്റിസ്‌ കെ.ടി.തോമസ്‌ ഉള്‍പ്പെടെ.

(16) ഞാന്‍ സ്വയം പ്രകീര്‍ത്തിക്കുകയാണ്‌ എന്നു കരുതരുത്‌. മേല്‍പ്പറഞ്ഞ fundamental errors കട്ടച്ചിറക്കാർ 2018-ല്‍ എന്റെ അടുത്ത്‌ വന്നപ്പോൾ ദൈവകൃപയാൽ എന്റെ ശ്രദ്ധയിൽപ്പെട്ടു.  പള്ളിക്കേസിന് വളരെ നീണ്ട ചരിത്രമുണ്ട്‌. ജഡ്ജുമെന്റുകള്‍ ആയിരക്കണക്കിന്‌ പേജുകളാണ്‌. ഈ തടിയന്‍ ജഡ്ജ്മെന്റും റെക്കോഡുകളും പരിശോധിച്ചാൽ മേല്‍പ്പറഞ്ഞ തെറ്റ്‌ ശ്രദ്ധയില്‍പ്പെടുകയില്ല. റെക്കോഡ്‌സും ജഡ്ജ്മെന്റും എല്ലാം മടക്കിവെച്ച്‌ ആലോചിച്ചാൽ എത്ര കുഴഞ്ഞ കേസ്‌ ആണെങ്കിൽ കൂടിയും അതിലെ അടിസ്ഥാനപരമായ തെറ്റ്‌ മനസ്സിലാകും. പള്ളിക്കേസ്‌ വലിയ errors ആണ്‌. അതിലും എത്രയോ വലിയ errors ആണ്‌ കേശവാനന്ദഭാരതി, Judges 2, 3 and NJAC കേസ്‌ തുടങ്ങിയവയിലെ സുപ്രീം കോടതി വിധികള്‍. ആയിരക്കണക്കിന് പേജ്‌ വരുന്ന ഈ ജഡ്ജ്മെന്റുകൾ വായിച്ചവര്‍ ചുരുക്കം. അതിലെ തെറ്റു മനസ്സിലാക്കിയവര്‍ അതിലും ചുരുക്കം.

(17) തെറ്റുകള്‍ പറ്റുക മനുഷ്യസഹജമാണ്‌. നമ്മള്‍ സാധാരണക്കാരേക്കാൾ വലിയ തെറ്റുകൾ പറ്റിയിരിക്കുന്നത്‌ Pope മാര്‍ക്കും Arch Bishop മാര്‍ക്കും Chief Justice മാര്‍ക്കും മറ്റുമാണ്‌ എന്നത്‌ ചരിത്രം പഠിച്ചിട്ടുളള ആര്‍ക്കും മനസ്സിലാകും.

(18) 2017-ലെ കെ.എസ്‌.വര്‍ഗീസ്‌ വിധി ആർട്ടിക്കിൾ 141 പ്രകാരം രാജ്യത്തെ നിയമമാണ്‌. അതുകൊണ്ട്‌ അത്‌ നടപ്പാക്കിയേ മതിയാകൂ എന്നതാണ്‌ പൊതുവായ ധാരണ. ജസ്റ്റിസ്‌ കെ.ടി.തോമസ്‌ പോലും മറിച്ച്‌ പറഞ്ഞ്‌ കണ്ടില്ല. അത്‌ എന്നെ അങ്ങേയറ്റം വിസ്മയിപ്പിച്ചിട്ടുണ്ട്‌. സുപ്രീം കോടതി വിധി പാര്‍ലമെന്റ്‌ നിര്‍മ്മിക്കുന്ന നിയമം പോലെ രാജ്യത്തെ നിയമമല്ല. സുപ്രീം കോടതി വിധി law of the land ഉം അല്ല. Law declared by the Supreme Court shall be binding on all Courts within the territory of India എന്നു വെച്ചാല്‍ സുപ്രീം കോടതി ഏതെങ്കിലും ഒരു പുതിയ നിയമതത്വം reaffirm  ചെയ്യുകയോ അല്ലെങ്കിൽ നിലവിലുള്ള നിയമതത്വം evolve  ചെയ്യുകയോ ചെയ്താൽ അത്‌ ഒരു precedent എന്ന നിലയില്‍ രാജ്യത്തെ കോടതികള്‍ക്ക്‌ binding ആണ്‌ എന്നു മാത്രമേ ആർട്ടിക്കിൾ 141 പറയുന്നുള്ളു.  സുപ്രീം കോടതി ഏതെങ്കിലും കേസില്‍ Law decare ചെയ്തിട്ടുണ്ടോ ഉണ്ടെങ്കില്‍ അത്‌ follow ചെയ്യണമോ എന്നത്‌ ഏത്‌ കോടതിയിലാണോ സുപ്രീംകോടതിയുടെ ജഡ്ജ്മെന്റ്‌ cite ചെയ്യുന്നത്‌ ആ കോടതിയാണ്‌ തീരുമാനിക്കേണ്ടത്‌.   ഉദാഹരണത്തിന്‌ ഒരു മുന്‍സിഫ്‌ മുന്‍പാകെ സുപ്രീം കോടതിയുടെ 3, 5, 7, 9 എന്നീ ജഡ്ജുമാരുള്ള  ബെഞ്ചിന്റെ ജഡ്ജ്മെന്റ്‌ cite ചെയ്യുകയാണെങ്കിൽ ആ മുൻസിഫിന്  3 ജഡ്ജുമാരുടെ ജഡ്ജ്മെന്റാണ്‌ ശരിയെന്ന്‌ തോന്നുന്നുവെങ്കിൽ അത്‌ ഫോളോ ചെയ്യാം. സുപ്രീംകോടതിയുടെ Judgment per incuriam ആണ്‌ എന്ന്‌ മുൻസിഫിന് ബോധ്യപ്പെട്ടാൽ ഫോളോ ചെയ്യേണ്ട കാര്യമില്ല.

(19) ഞാന്‍ precedent -ന്‌ എതിരല്ല. Common Law യുടെ 4 അടിസ്ഥാന തൂണുകളിൽ ഒന്നാണ് precedent. ഒരു പക്ഷേ ഏറ്റവും ശക്തമായ തൂണ്.   Precedent എന്നു പറഞ്ഞാല്‍ reason for the decision എന്നാണ്‌ അര്‍ത്ഥം.   നമ്പർ അല്ല. കൂടുതല്‍ ജഡ്ജുമാരടങ്ങിയ ബെഞ്ചിന്റെ വിധി ന്യായമായിട്ടും കൂടുതല്‍  ശരിയായിരിക്കാൻ സാദ്ധ്യതയുണ്ട് എന്നാണ്‌ സങ്കല്പം.  അതിനും ഞാന്‍  എതിരല്ല.  സത്യത്തില്‍ Minority judgments ആണ്‌ പലപ്പോഴും കൂടുതല്‍ ശരി. അത്‌ എന്തുമാകട്ടെ, പള്ളിക്കേസില്‍ ആർട്ടിക്കിൾ 141- ന്‌ ഒരു പ്രസക്തിയുമില്ല.  സമുദായക്കേസിലോ, PMA മെട്രോപൊളീറ്റൻ  കേസിലോ അല്ലെങ്കില്‍ കെ.എസ്‌.വര്‍ഗീസിലോ ഒരു പുതിയ principle evolve ചെയ്യുകയോ reaffirm ചെയ്യുകയോഉണ്ടായില്ല. ആ ജഡ്ജുമെന്റുകള്‍ Res judicata യും അല്ല. Precedent ഉം അല്ല. Null and void ആണ്‌. സത്യത്തിൽ ഇന്ത്യൻ സുപ്രീം കോർട്ട് കഴിഞ്ഞ 70 വര്‍ഷത്തിനിടയിൽ  ഒരു പുതിയ പ്രിന്‍സിപ്പിളും evolve ചെയ്തതായി എനിയ്ക്കറിയില്ല.  ഞാന്‍ പലരോടും ചോദിച്ചു. ആര്‍ക്കും ഒന്നും ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടനാ ശിൽപികൾ ആർട്ടിക്കിൾ 141 ഭരണഘടന യിൽ ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ ഒഴിവാക്കപ്പെടുമായിരുന്നു.
(20) എന്താണ്‌ പോംവഴി : പള്ളിക്കേസ്‌ ഒരു കുമളയാണ്‌. ഞാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങൾ പകലും രാത്രിയും പോലെ വൃക്തമാണ്‌.  ഇതുവരെ ആരും ഞാന്‍ പറയുന്നത്‌ എന്തുകൊണ്ട്‌ തെറ്റാണ്‌ എന്ന്‌ ചൂണ്ടിക്കാട്ടിയിട്ടില്ല. മറിച്ച്‌ എന്നെ  പറയാൻ അനുവദിയ്ക്കുന്നില്ല.  ഞാന്‍ പറയുന്ന കാര്യങ്ങൾ റെക്കോഡ്‌ ചെയ്യാൻ  വിസമ്മതിയ്ക്കുന്നു.  അത്‌ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടേയുള്ളു. പകല്‍ എത്രകാലം രാത്രിയാണ്‌ എന്ന്‌ നടിയ്ക്കാന്‍ പറ്റും. സൂര്യനും ചന്ദ്രനും സത്യവും ഒരിക്കലും മറച്ചുവയ്ക്കാന്‍ കഴിയില്ല എന്ന ബുദ്ധന്റെ വാക്കുകളാണ്‌ എന്റെ ആത്മവിശ്വാസത്തിന്റെ ആധാരം. ഞാന്‍ പറയുന്നതിനോട്‌ ഭയമാണ്‌. കാരണം ഞാന്‍ പറയുന്നതിന് മറുപടി ഇല്ല.

(21) കേരള സര്‍ക്കാരോ, അല്ലെങ്കില്‍ യാക്കോബായ വിഭാഗത്തിന്റെ തലവന്‍ Joseph Mar Gregorious  ബിഷപ്പോ മേല്‍പ്പറഞ്ഞ സത്യം ഉറക്കെ വിളിച്ചു പറയാൻ തയ്യാറായാല്‍ പളളിക്കേസ്‌ എന്നെന്നേയ്ക്കുമായി അവസാനിച്ചു. കോടതികള്‍ക്ക്‌ ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചേ പറ്റു.
മാത്യൂസ് ജെ. നെടുംപാറ 
9820232428

അടിക്കുറിപ്പ്‌

ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രനും അലക്സാണ്ടർ തോമസും എന്നോട്‌ വളരെ മോശമായി പെരുമാറി എന്നത്‌ സത്യമാണ്‌. ജ. ദേവന്‍ രാമചന്ദ്രൻ കോതമംഗലം കേസ്‌ കേൾക്കാൻ പാടില്ല എന്ന്‌ ഞാന്‍ പറഞ്ഞിരുന്നു. അത്‌ അദ്ദേഹത്തോടുള്ള വിരോധം കൊണ്ടല്ല. അദ്ദേഹം വക്കീലായിരുന്നപ്പോള്‍ പാത്രിയാര്‍ക്കീസ്‌ കാര്‍ക്കുവേണ്ടി കേസ്‌ വാദിച്ചിരുന്നു. ഒരു ജഡ്ജ്‌ താൻ വക്കീലായിട്ടോ, അല്ലെങ്കില്‍ കക്ഷിയായിട്ടോ, സാക്ഷിയായിട്ടോ, ഉള്‍പ്പെട്ട കേസില്‍ ജഡ്ജ്‌ ആകാൻ പാടില്ല എന്നത്‌ ഒരു fundamental principle ആണ്‌. ആ വാദം ഞാന്‍ ഉന്നയിച്ചിരുന്നു. കാരണം അത്‌ പറയേണ്ടത്‌ എന്റെ കടമയാണ്‌. അതിന്റെ പേരില്‍ ജ. ദേവന്‍ രാമചന്ദ്രന് എന്നോട്‌ വിദ്വേഷം ഉണ്ടാകേണ്ട കാര്യമില്ല. എന്നോട്‌ വളരെ hostile ആയിട്ടാണ്‌ അദ്ദേഹം പെരുമാറുന്നത്‌ എന്നത്‌ ഒട്ടേറെ ആളുകൾ എന്നോടും പറഞ്ഞിട്ടുണ്ട്‌. അതെല്ലാം ഒരു occupational risk- ന്റെ ഭാഗമാണ്‌. ഒരു കാര്യം വ്യക്തമാക്കട്ടെ എന്നെ കള്ളക്കേസിൽ കുടുക്കി, അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാൻ ചിലരെല്ലാം ശ്രമിച്ചിട്ടുണ്ട്‌.  പക്ഷേ അത്‌ അവര്‍ക്ക്‌ തന്നെ വിനയായിട്ടേയുള്ളു. God is truth; truth is God. എനിക്ക്‌ സത്യമെന്ന ദൈവത്തിൽ അത്രമാത്രം അചഞ്ചലമായ വിശ്വാസമുണ്ട്‌. സത്യം താല്ക്കാലികമായി മറയ്ക്കപ്പെടാം.  ആത്യന്തികമായി സത്യം മാത്രമേ നിലനില്‍ക്കു. ആ വിശ്വാസം ഒന്നു മാത്രമാണ് പള്ളിക്കേസിലെ സത്യം തുറന്നു പറയാന്‍ എനിയ്ക്ക്‌ ധൈര്യം തരുന്നത്‌. യാക്കോബാക്കോരോടുളള നീതി നിഷേധത്തിന് അവസാനം വരുത്താന്‍ ഞാൻ ഒറ്റയാൾ മതിയെന്ന വിശ്വാസത്തിന്റെ ആധാരം സത്യമാണ്‌ ദൈവം എന്ന വിശ്വാസമാണ്‌. ആ വിശ്വാസമാണ്‌ എന്നെ ആക്ഷേപിക്കുന്നവരേയും ദ്രോഹിക്കുന്നവരേയും എനിയ്ക്ക്‌ ക്ഷമിക്കാൻ കഴിയുന്നതിന്റെ ആധാരം.

മാത്യൂസ് ജെ. നെടുംപാറ 
9820535428

No comments:

Post a Comment