ഒരു വസ്തുവില്‍ നില്‍ക്കുന്ന മരങ്ങളുടെ ഭാഗങ്ങളോ ശിഖരങ്ങളോ അയല്‍വസ്തുവിലേക്ക് കടന്നുചെല്ലുന്നത് നിയമം അനുവദിക്കുന്നില്ല. അയല്‍വസ്തുവിന്റെ അനുഭവസൗകര്യത്തെ അതു ബാധിക്കുന്നു. അപ്രകാരം അയല്‍വസ്തുവിലേക്കു ചരിഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശാഖകളും മറ്റും വെട്ടിമാറ്റി ശല്യം ഒഴിവാക്കാന്‍ വൃക്ഷങ്ങള്‍ നില്‍ക്കുന്ന വസ്തുവിന്റെ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, പല ഉടമസ്ഥരും അതിന് തയാറാകാറില്ല.
വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്നു പറയാന്‍ അവകാശമില്ല
അതിരിനോടു ചേര്‍ത്ത് നാം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്നോ കൃഷി ചെയ്യരുതെന്നോ പറയാന്‍ അയല്‍വസ്തുവിന്റെ ഉടമസ്ഥന് അവകാശമില്ല. എന്നാല്‍, അയല്‍വസ്തുവിന്റെ അനുഭവസൗകര്യത്തെ ബാധിക്കുന്ന പ്രവൃത്തി ചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ല. തന്റെ വസ്തുവിലേക്ക് ചാഞ്ഞുകിടക്കുന്ന ശിഖരങ്ങള്‍ തന്റെ വസ്തുവില്‍നിന്നുകൊണ്ടുതന്നെ വെട്ടിമാറ്റാമെങ്കില്‍ അപ്രകാരം ചെയ്യാന്‍ നിയമം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കായ്ഫലമുള്ള തെങ്ങ് അടുത്ത വസ്തുവിലേക്ക് ചാഞ്ഞുനില്‍ക്കുകയും ആ വസ്തുവിലേക്ക് തേങ്ങ വീഴുകയും ചെയ്താല്‍ അതെടുക്കുന്നതിനുപോലും അയല്‍വസ്തു ഉടമസ്ഥന്റെ അനുവാദം വാങ്ങണമെന്നാണ് നിയമം പറയുന്നത്. അല്ലെങ്കില്‍ കയ്യേറ്റമാകും.
മരം കാരണം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം തേടാം
അയല്‍വസ്തു ഉടമസ്ഥന് ശല്യമായ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ലെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാം. ഉപദ്രവകരമാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്നപക്ഷം മരമോ ശാഖയോ വെട്ടിമാറ്റാന്‍ കോടതിക്ക് ഉത്തരവിടാം. ഇത്തരം മരം കാരണം അയല്‍വസ്തു ഉടമസ്ഥന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം തേടുകയുമാകാം. മരം വച്ചുപിടിപ്പിച്ചതാകണമെന്നില്ല, സ്വയം വളര്‍ന്നുവരുന്ന വൃക്ഷങ്ങളെ സംബന്ധിച്ചും ഈ നിയമങ്ങള്‍ ബാധകമാണ്.
അയല്‍വസ്തു ഉടമസ്ഥന്റെയോ മറ്റൊരാളുടെയോ ജീവനും സ്വത്തിനും അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ വെട്ടി മാറ്റുന്നതിന് അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയും സമീപിക്കാം. ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഭാഗമോ വൃക്ഷത്തിലെ ഫലങ്ങളോ അയല്‍വസ്തുവിലേക്ക് വീഴാനും തന്മൂലം ഏതെങ്കിലും ആളിനോ എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകനും ഇടയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പഞ്ചായത്ത് ആക്ട് 238-ാം വകുപ്പനുസരിച്ച് വൃക്ഷം ഉറപ്പിച്ച് നിര്‍ത്തുകയോ മുറിച്ചു മാറ്റുകയോ ചെയ്യാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. ഇതുപോലെതന്നെ മുനിസിപ്പാലിറ്റി ആക്ട് 412-ാം വകുപ്പ് അനുസരിച്ച് മുന്‍സിപ്പല്‍ സെക്രട്ടറിക്കും ഇതേ അധികാരമുണ്ട്. അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തില്‍ പെട്ടെന്ന് നടപടിയെടുക്കുന്നതിന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനും അധികാരമുണ്ട്.
No comments:
Post a Comment