Wednesday, 6 March 2019

Church bill നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു

ചുങ്കക്കാരും ഫരീസേയരും ....

Church bill നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു കേരളത്തിലെ ക്രൈസ്തവ സഭാ തലവൻമാർ  പരക്കം പായുന്നതിനിടെ ഈ നിയമത്തെ ഒരു സാധാരണ വിശ്വാസിയുടെ കണ്ണിലൂടെ നമുക്കൊന്ന് നോക്കിക്കാണാം .

ഈ നിയമം അനുശാസിക്കുന്നതെന്തൊക്കെയാണ് ?

സഭാ സ്ഥാപനങ്ങളിലെ വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുക .
അവയിൽ എന്തെങ്കിലും തിരിമറി നടന്നു എന്ന് തോന്നിയാൽ സഭാംഗങ്ങളായവർക്കു പരാതിപ്പെടാൻ ഒരു ട്രിബ്യുണൽ സ്ഥാപിക്കുക .
ഇത് രണ്ടുമാണ് പ്രധാനമായും ഈ ബില്ല് കൊണ്ടുദ്ദേശിക്കുന്നത് .
ഇതിൽ എന്താണ്‌ ക്രിസ്തവർക്കെതിരായിട്ടുള്ളത് എന്ന് ഇതിനെ എതിർക്കുന്ന ബഹുമാനപ്പെട്ട പിതാക്കന്മാരും വൈദികരും ഒന്ന് പറഞ്ഞു മനസിലാക്കിയാൽ കൊള്ളാം .

ഞങ്ങൾ നേർച്ചയായി നൽകുന്ന പണം അതിന്റെ കൃത്യമായ കണക്ക് പോലും അറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ ?
ആ പണം ഉപയോഗിച്ച് നിങ്ങൾ കച്ചവടം നടത്തുകയോ , ഷോപ്പിംഗ് കോംപ്ലക്സ് പണിയുകയോ എന്തു വേണേലും ചെയ്‌തോ അതിന്റെ കൃത്യമായ ഒരു കണക്ക് ഞങ്ങളെ അറിയിച്ചു കൂടെ .
അങ്ങനെ പറ്റില്ലാന്ന് നിങ്ങളുടെ  കാനൻ നിയമത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ??

ദരിദ്രരുടെ ചില്ലിക്കാശുകൾ ചേർത്ത് നിങ്ങൾ അത്യാഢംബര സുഖ ജീവിതം നടത്തുന്നതിനും ഞങ്ങൾക്ക് പരാതിയില്ല .

പക്ഷെ ...

ഭൂമി കച്ചവടത്തിലെ നഷ്ടം നികത്താനും , അച്ചന്മാരുടെയും പിതാക്കന്മാരുടെയും പെണ്ണ് കേസുകൾക്ക് വാദിക്കാൻ ദിവസം ലക്ഷങ്ങൾ വാങ്ങുന്ന വാക്കിലന്മാരെ വിലക്കു വാങ്ങാനും , അച്ഛന്റെ ഗർഭം അപ്പന്റെ തലേൽ കെട്ടി വക്കാനും , മൈക്രോ ഫിനാൻസ് തട്ടിപ്പു നടത്താനും ഉപയോഗിച്ചാൽ , അതൊന്നു ചോദ്യം ചെയ്യാൻ ഞങ്ങൾ പിന്നെ എവിടെ പോണം ?

അരമന നിരങ്ങികളും , നിങ്ങളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ കൊണ്ട് മാതൃം ജീവിക്കുന്നചില ഇത്തിൾകണ്ണികളും അല്ലാതെ ആരും ഈ ബില്ലിനെ എതിർക്കുന്നില്ല എന്നതാണ് സത്യം .

മാത്രമല്ല ഈ ബില്ല് നിയമമാക്കിയതിന്റെ പേരിൽ ഈ പിതാക്കന്മാരുടെ വണ്ടിയോടിക്കുന്ന ഡ്രൈവർ മാരുടെ വോട്ടു പോലും ആർക്കും നഷ്ടപ്പെടാനും പോകുന്നില്ല  .

നഷ്ടപ്പെടുന്നത് ഇന്നലെ വരെ ഈ കോടാനുകോടി സമ്പത്തു മുഴുവൻ ഏകാധിപത്യപരമായ അപ്രമാദിത്യത്തോടെ കൈവശം വച്ചും ക്രയവിക്രയം ചെയ്‌തും വാണരുളുന്ന ചക്രവർത്തികൾക്കും  രാജാക്കന്മാർക്കും നാടുവാഴികൾക്കും മാത്രം .

നിങ്ങളുടെ നഷ്ടങ്ങൾക്കായി തെരുവിലിറങ്ങാനും , പോലീസിന്റെ ലാത്തിയടിയും ജല പീരങ്കിയും ഏൽക്കാനും ഇത്തവണ അല്മയരെ കിട്ടില്ല .
ബഹുമാനപ്പെട്ട പിതാക്കന്മാരും സന്യസ്തരും ഇക്കുറി തെരുവിലിറങ്ങി സമരം നടത്തട്ടെ .

കാനൻ നിയമത്തിന്റെയും ദൈവിക ശാപത്തിന്റെയും സഭാ സംരക്ഷണത്തിന്റെയും പേര് പറഞ്ഞു ഇനി ങ്ങങ്ങളെ പറ്റിക്കാൻ നോക്കണ്ട .

ഇത് ഞങ്ങളുടെ അവകാശമാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു .

രാണ്ടായിരത്തില്പരം വര്ഷങ്ങള്ക്കുമുൻപ് അന്നത്തെ യഹൂദ പൗരോഹിത്യ പ്രാമാണ്യത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കാൻ വന്ന യേശുവിനെ വേണ്ട ബറാബാസിനെ മതി എന്ന് , അന്ന് ഞങ്ങളെ കൊണ്ട് അലമുറയിടീച്ച കയ്യപ്പാസും ഫരിസേയരും ഇന്ന് വീണ്ടും വെള്ളപൂശിയ കുഴിമാടങ്ങളായി അവതരിച്ചിരിക്കുന്നതും ഞങ്ങൾ തിരിച്ചറിയുന്നു .

ഇങ്ങനെയൊരു നിയമത്തിന്റെ അഭാവമാണ് ഫ്രാങ്കോ മാരെയും റോബിൻ മാരെയും സൃഷ്ടിച്ചത് എന്നും ഞങ്ങൾ തിരിച്ചറിയുന്നു .

ഞങ്ങൾക്കജ്ഞാതമായ കാനോൻ നിയമമാകുന്ന ഭാരമുള്ള കല്ല് ഞങ്ങളുടെമേൽ കെട്ടിവക്കുന്ന ഫരിസേയരെ , മരിച്ചവരുടെ ഒപ്പീസിനു പോലും പണം വാങ്ങുന്ന ചുങ്കക്കാരെ ഇനിയെങ്കിലും നിങ്ങൾ ഓർക്കുക .
കഴിഞ്ഞ കുറെ നാളുകൾ കൊണ്ട് കേരളത്തിലെ നിശബ്ദ വിശ്വാസികൾ നിങ്ങളെന്താണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു .

ഇനിയെങ്കിലും സഭാ സ്വത്തുക്കളുടെ ഭരണത്തിനായുള്ള പിടിവാശി ഉപേക്ഷിച്ചു ക്രിസ്തു നിങ്ങളെ ഏല്പിച്ചിരിക്കുന്നു അജപാലന ദൗത്യത്തിലേക്കു മടങ്ങുക ...

ഇനിയും അതിനു വൈകിയാൽ അമേരിക്കയിലും യൂറോപ്പിലുമൊക്കെ സംഭവിച്ച അവസ്ഥയിലേക്ക് കേരള സഭയും താമസിയാതെ എത്തിച്ചേരും ....

No comments:

Post a Comment