റോഡതിര് വസ്തു - പ്രത്യേക അവകാശമെന്ത് ?
വസ്തുവിന്റെ ഒരതിര് പൊതു റോഡാണ്. ഉടമസ്ഥൻ വസ്തുവിൽ വാണിജ്യാവശ്യത്തിനായി കെട്ടിടം നിർമ്മിച്ചു. എന്നാൽ വർഷങളായി അതിരിനോട് ചേർന്ന് നിലവിലുള്ള ഓട്ടോ സ്റ്റാൻഡിൽ നിരവധി ഓട്ടോകൾ നിരന്ന് കിടക്കുന്നതിനാൽ വസ്തുവിന്റെ റോഡതിര് ഭാഗം മുഴുവനായി ഉടമസ്ഥന് ഉപയോഗിക്കാനാകാത്ത അവസ്ഥ.
വിഷയം കോടതിയിലെത്തി. തദ്ദേശസ്ഥാപനാധികാരികൾ മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വിഷയം തീർന്നില്ല.
വസ്തു ഉടമസ്ഥന് റോഡിൻറെ ഏത് ഭാഗത്ത് കൂടിയും പൊതു റോഡിലേക്ക് ഇറങ്ങാം എന്നുള്ളത് ഉടമസ്ഥാവകാശ ത്തിൻറെ ഭാഗമായിട്ടുള്ളതാണ്. പാർക്കിംഗ് സംബന്ധിച്ച കാര്യങ്ങൾക്ക് പഞ്ചായത്ത് രാജിൽ അതിൻറെതായ നിയമങ്ങളുണ്ട്. കൂടാതെ കേരള പോലീസ് നിയമവും മോട്ടോർ വാഹന നിയമവും പാലിച്ചാകണം റോഡരികിലെ പാർക്കിംഗ്. വസ്തു ഉടമസ്ഥന് റോഡിലേക്ക് ഇറങ്ങാൻ ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ ഉത്തരവാദിത്വം അധികാരികൾക്കാണ്. 3 മാസത്തിനുള്ളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തദ്ദേശ ഭരണകൂടത്തോട് ഉത്തരവിട്ട കോടതി, പിന്നീടുള്ള പാർക്കിംഗ് നിയമവിരുദ്ധമായിരിക്കുമെന്ന് പരാമർശിച്ചു.
(WPC 21191/2020; Dt 28.06.2021)